ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയിൽ ശബരിമലയിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സുഗമമായ തീർഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേർക്കാണ് വിർച്വൽ ക്യൂ വഴി ഒരു ദിവസം ദർശനം അനുവദിക്കുന്നത്. വിർച്വൽ ക്യൂവിന്റെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ചയും സുഗമമായ രീതിയിൽ ഭക്തർക്ക് ദർശനം നടത്താനായത് ശബരിമല തീർത്ഥാടകർക്കായി സർക്കാരും ദേവസ്വം ബോർഡും ചേർന്നൊരുക്കിയ മുന്നൊരുക്കങ്ങൾ ഫലപ്രദമായി എന്നതിന്റെ തെളിവാണ്.
പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റിൽ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായതായും മന്ത്രി പറഞ്ഞു.
എം.എൽ.എ. മാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. പി.യു. ജനീഷ് കുമാർ,ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം കമ്മീഷണർ വി.പ്രകാശ്, ശബരിമല എ.ഡി.എം. അരുൺ എസ്.നായർ, എ.ഡി.ജി.പി. എസ്. ശ്രീജിത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.