ന്യൂഡൽഹി : ഗയാന സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ, കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ “ദി ഓർഡർ ഓഫ് എക്‌സലൻസ്” സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങൾക്കും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ ആഴത്തിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധത്തിനുമായി ബഹുമതി സമർപ്പിച്ചു. ഇന്ത്യ-ഗയാന സൗഹൃദം ദൃഢമാക്കുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ തെളിവാണ് തൻ്റെ ഗയാന സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.
ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വിദേശ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാഷ്ട്രതന്ത്രജ്ഞത, കോവിഡ് മഹാമാരി സമയത്ത് നൽകിയ പിന്തുണ, ഇന്ത്യ-ഡൊമിനിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ച് മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ -“ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ” പ്രസിഡൻ്റ് സിൽവാനി ബർട്ടൺ സമ്മാനിച്ചു. ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗയാന പ്രസിഡൻ്റ് ഡോ ഇർഫാൻ അലി, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി, ഗ്രെനഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ, സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ. പിയറി, ആൻ്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
2024 നവംബർ 20 ന് ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.