തിരുവനന്തപുരം : ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്ട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി. കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്‌കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്‌സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്നരീതി ഗുണകരമല്ല.
കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്‌കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്. പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയതിനെതുടർന്ന് ബാലാവകാശ കമ്മിഷൻ അംഗം എൻസുനന്ദ നൽകിയ നോട്ടീസിനെതുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.