ശബരിമല: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ചശേഷം മറിഞ്ഞ് ഒരാൾ മരിച്ചു. വഴിയരികിൽ നിന്ന ശബരിമല തീർഥാടകനും അഖില ഭാരത അയ്യപ്പ സേവാ സംഘം തമിഴ്നാട് സ്റ്റേറ്റ് കൗൺസിൽ അംഗവുമായ ചെന്നൈ സ്വദേശിശിവകുമാർ (65) ആണ് മരിച്ചത്. മരിച്ച ആളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
തുലാപ്പള്ളി ആലപ്പാട്ട് കവലയ്ക്ക് സമീപത്തെ കുത്തനെയുള്ള ഇറക്കത്തിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും മിനി ബസ്സിലും ഇടിച്ചശേഷം ബസ് സമീപത്തെ പാർക്കിംഗ് ഭാഗത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മിനി ബസ് യാത്രികരായിരുന്ന എട്ടു തീർത്ഥാടകർക്ക് പരിക്കേറ്റു. ഇവരെ എരുമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.