ശബരിമല: ഇത്തവണ തീർഥാടന കാലത്ത് ശബരിമലയിലെ വരുമാനത്തില്‍ വര്‍ധനവ്. മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്.
അഭൂതപൂര്‍വമായ ഭക്തജനതിരക്കായിരുന്നു ഇത്തവണത്തെ തീര്‍ത്ഥാടനകാലത്ത് ഉണ്ടായത് .ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി പറഞ്ഞു. 440 കോടി രൂപ സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളു. പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടതെങ്കില്‍ ഇത്തവണ അത് 90 പേരായി ഉയർത്തിയിരുന്നു. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകാന്‍ കാരണം.
പതിനെട്ടാം പടിയില്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിര്‍ത്തിയതോടെ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനായെന്നും മന്ത്രി പറഞ്ഞു. അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.