ന്യൂയോർക്ക് : ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് താൽക്കാലികമായി തടഞ്ഞു. ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട കോടതി14 ദിവസത്തേക്ക് തുടർനടപടികൾ സ്റ്റേ ചെയ്തു.
അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചത്. ഉത്തരവനുസരിച്ച് മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസിൽ പൗരത്വം ലഭിക്കില്ല. ഡെമോക്രാറ്റുകൾ ഭരിക്കുന്ന വാഷിംഗ്ടൺ, അരിസോണ, ഇല്ലിനോയ്സ്, ഒറീഗൺ എന്നീ സംസ്ഥാനങ്ങളാണ് ട്രംപിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.