ചെങ്ങന്നൂര്‍ : സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു.
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മുന്‍,പിന്‍ഭാഗങ്ങള്‍, ഉള്‍വശം എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ വ്യക്തമാകുന്ന തരത്തില്‍ മൂന്ന് കാമറകള്‍ സ്ഥാപിക്കണം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളിലും മുന്‍, പിന്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതും, വീഡിയോ റിക്കോര്‍ഡിങ്ങ് ഉള്ളതും, രാത്രിസമയ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും, ഡ്രൈവറുടെ ക്ഷീണം, ഉറക്കം, മൊബൈല്‍ ഉപയോഗം മുതലായവ തിരിച്ചറിയാന്‍ സെന്‍സിങ് സവിശേഷതകള്‍ ഉള്ളതുമായ കാമറകളാണ് സ്ഥാപിക്കേണ്ടത്.
ഡ്രൈവറുടെ ക്യാബിന്‍, പാസഞ്ചേഴ്‌സ് കമ്പാര്‍ട്ട്മെന്റ് എന്നിവയെ വേര്‍തിരിക്കുന്നതിന് കട്ടിയുള്ളതും ഇരുണ്ടതുമായ കര്‍ട്ടനുകള്‍ ഉപയോഗിക്കണമെന്നും ജോയിന്റ് ആര്‍.ടി.ഒ നിര്‍ദേശിച്ചു.