കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫിലെ സാലി ഫിലിപ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിൽ നിന്നാണ് യുഡി എഫ് ഭരണം തിരിച്ചു പിടിച്ചത്. ഇന്ന് 11 മണിയോടെ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നാലിനെതിരെ ആറ് വോട്ടുകൾ നേടിയാണ് സാലി ഫിലിപ്പ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്.
എൻ സി പി അംഗം യു ഡി എഫിനൊപ്പം ചേർന്നപ്പോൾ, പ്രസിഡൻ്റ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കോഴഞ്ചേരി പഞ്ചായത്ത് ഭരണസമിതിയിൽ തുടക്കം മുതൽക്കേ അസ്ഥിരതയാണ് നിലനിന്നിരുന്നത്.
13 അംഗ പഞ്ചായത്തിൽ സി പി എം ന് രണ്ടും ഘടകകക്ഷികളായ സി പി ഐ, ജനതാദൾ, എൻ സി പി എന്നിവർക്ക് ഓരോന്നും അടക്കം എൽ ഡി എഫിന് 5 ഉം, കോൺഗ്രസിന് 3 ഉം കേരളാ കോൺഗ്രസിന് 2 ഉം അടക്കം യുഡിഎഫിന് 5 ഉം ബി ജെ പി ക്ക് 2 ഉം സീറ്റുകൾ ലഭിച്ചപ്പോൾ യു ഡി എഫ് സ്വതന്തനായ കെ കെ വാസുവിൻ്റെ നിലപാട് നിർണ്ണായകമായി.
ആദ്യം നറുക്കെടുപ്പിലൂടെ യു ഡി എഫിന് ലഭിച്ച പഞ്ചായത്ത് ഭരണം പിന്നീട് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പഞ്ചായത്ത് അംഗം റോയി ഫിലിപ്പ് വിമത സ്വരമുയർത്തുകയും ഇരു വിഭാഗങ്ങളുടെയും പിൻതുണയോടെ പ്രസിഡൻ്റാവുകയുമായിരുന്നു
അതിനിടെ കേരളാ കോൺഗ്രസിലെ മറ്റൊരു അംഗമായ സാലിഫിലിപ്പ് യു ഡി എഫിനൊപ്പം ചേർന്നതോടെ റോയി ഫിലിപ് രാജിവച്ചു. ഈ ഒഴിവിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കോഴഞ്ചേരി തെക്കേമല ടൗൺ 12-ാം വാർഡ് അംഗമായ സാലിഫിലിപ്പ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്
2 ബി ജെ പി അംഗങ്ങൾ വിട്ടുനിന്ന തിരഞ്ഞെടുപ്പിൽ ആകെ 11 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. കോൺഗ്രസ് വിമതനായ കെ കെ വാസുവിനെ തങ്ങൾക്കൊപ്പം ചേർത്ത് വിജയമുറപ്പിച്ചിരുന്ന എൽ ഡി എഫിനെ ഞെട്ടിച്ചു കൊണ്ട് എൻ സി പി അംഗം മേരിക്കുട്ടി യു ഡി എഫിനൊപ്പം ചേർന്നു.
എൽഡിഎഫിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ സോണി കൊച്ചുതുണ്ടിയിലിൻ്റെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിൻ്റെ മറുപുറത്ത് ഒപ്പിടാൻ മറന്ന് പോയതാണ് അസാധുവാകാൻ കാരണമായത്.