തിരുവല്ല: തിരുവല്ല ബൈപാസിലും പെരുന്തുരുത്തിയിലും ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ് ബൈപാസ് റോഡരികിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. ബൈപാസ് റോഡരികിൽ കുട്ടികളുടെ പാർക്കിനും മഴുവങ്ങാട് പാലത്തിനു ഇടയിൽ പലയിടങ്ങളിലായി മാലിന്യം നിറഞ്ഞു കിടക്കുന്നത്. മഴ പെയ്യുന്നതോടെ ഇവ ഒഴുകി മുല്ലേലി തോട്ടിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. ബൈപാസിൽ കുട്ടികളുടെ പാർക്കിനു സമീപം മുൻ കാലങളിൽ ശുചിമുറി മാലിന്യം ഒഴുക്കിയിരുന്നത് നാട്ടുകാർ രാത്രി കാവലിരുന്നു തടഞ്ഞതിനാൽ പിന്നിട് ഇത് കുറവായിരുന്നു.
രണ്ട് വർഷം മുൻപ് നഗരസഭ ആരോഗ്യ വിഭാഗം രണ്ട് ടാങ്കറുകൾ പിടിച്ച് നഗരസഭാ അധികൃതരെ ഏൽപ്പിച്ചിരുന്നു. പിഴ ഈടാക്കി വിട്ടയച്ചു.
പെരുന്തുരുത്തിയിൽ എം സി റോഡിന്റെ വശത്തും തള്ളുന്നതും പതിവാണ്. രാത്രികാലങ്ങളിൽ ഈ രണ്ട് ഇടങ്ങളിലും വിജനമായ പ്രദേശമായതിനാൽ എളുപ്പം തള്ളിയിട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ ബൈ പാസിൽ മാലിന്യം തള്ളുന്നതു കണ്ടവർ പറഞ്ഞത് 2 ടാങ്കർ ലോറികളിൽ എത്തിയാണ് ഇറക്കിയത്. മാരാകായുധങ്ങളുമായി എത്തി മാലിന്യം തള്ളുന്നതിനാൽ നാട്ടുകാർക്ക് പലപ്പോഴും ഇത് ചോദ്യം ചെയ്യാൻ പറ്റാതെ വരുന്നതായും, മറ്റു ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങളിൽ ആണെന്ന് പ്രദേശവാസികൾ പറഞ്ഞു.