കോഴിക്കോട് : നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ ഒന്നിനാണ് ഇവർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. യുവതിയുടെ 12 വയസ്സുള്ള മകനും ബന്ധുവായ പത്ത് വയസുകാരനും പനി ബാധിച്ച് മണ്ണാർക്കാട്ടെ താലൂക്ക് ആശുപത്രിയിലാണ്.
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ ഉണ്ട് . മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേർ ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് 61 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവർത്തകരാണ്.