കോട്ടയം : മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം ഓരോ സഭാ മക്കൾക്കുമുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളിലെ കാതോലിക്കാ നിധിശേഖരണത്തിന്റെ ഭാഗമായി കെ.എം.ജി സെന്ററിൽ ചേർന്ന ഇടവക പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
മാർത്തോമ്മാ ശ്ലീഹായുടെ ആഗമനത്തിൻ്റെ 2000-ാം വാർഷികം വിപുലമായ പദ്ധതികളോടെ നടപ്പിലാക്കും. 1935 ൽ തുടക്കംകുറിച്ച കാതോലിക്കാ നിധിശേഖരണത്തിന്റെ നവതി വർഷം സഭയുടെ ‘വിഷൻ2052’ എന്ന സ്വപ്നത്തിന് കൂടുതൽ ഊർജം പകരുന്നതാണെന്നും ബാവാ കൂട്ടിച്ചേർത്തു.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, സഭയുടെ ഫിനാൻസ് കമ്മിറ്റി പ്രസിഡൻ്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കെ.എം സഖറിയ, കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്, ഫാ. മാത്യു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.