ന്യൂഡൽഹി : പാകിസ്ഥാന് അവസാന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂർ വെറും ട്രെയിലർ മാത്രമാണെന്നും അതിൽ തന്നെ പാകിസ്ഥാന് എല്ലാ ബോധ്യപ്പെട്ടുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗവിൽ നടന്ന ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്ലാഗ്ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ബ്രഹ്മോസ് മിസൈലുകൾ അത്യാവശ്യമാണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിഞ്ഞു. വിജയം വെറുമൊരു സംഭവമല്ല, മറിച്ച് അത് നമ്മുടെ ശീലമായി മാറിയിരിക്കുകയാണ്.
ലക്നൗവിൽ നിന്ന് എല്ലാ വർഷവും 100 മിസൈലുകൾ വിക്ഷേപിക്കും. അവ മൂന്ന് സേനകൾക്ക് നൽകും. അയൽരാജ്യങ്ങളുടെ ഓരോ ഇഞ്ചും ബ്രഹ്മോസ് മിസൈലിന്റെ പരിധിക്കുള്ളിലാണ്. ഇന്ത്യൻ സായുധസേനയുടെ പ്രധാന സ്തംഭമായി ബ്രഹ്മോസ് മാറിയിരിക്കുന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന രാജ്യത്തിന്റെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ അവയ്‌ക്ക് സാധിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
സരോജിനി നഗറിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്.