പത്തനംതിട്ട: മൂടിവെച്ച ഞെട്ടിക്കുന്ന മോഷണകഥ അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നെന്നും അത് ഹൈക്കോടതിയാണ് പുറത്തുകൊണ്ടുവന്നതെത്തും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. 1999 ല്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു.
എന്നാല്‍ ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട് ദേവസ്വം വകുപ്പിന്‍റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങൾ ഉൾപ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോയതെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളിയെ വിഡി സതീശന്‍ വെല്ലുവിളിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാർ നടത്തിയ കളവ് ആരും അറിഞ്ഞില്ല എങ്കിൽ അവർ വീണ്ടും കക്കാൻ പോകും. ദേവസ്വം മന്ത്രിയും കക്കാൻ പോകും. ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ആരാണ് എല്ലാം അടിച്ചു മാറ്റിയത് എന്ന് മുഖ്യമന്ത്രിക്ക് അറിയാം. സർക്കാർ കപട ഭക്തിയുമായി പമ്പയ്ക്ക് പോയി. ഏറ്റുമാനൂരിലും കൊള്ള നടന്നു. കമഴ്ന്നു വീണാൽ കൽപ്പണവുമായി പോകുന്ന കൊള്ളക്കാരാണ് ഭരിക്കുന്നത്. കവർച്ച ചെയ്തതെല്ലാം അയ്യപ്പ സന്നിധിയിൽ തിരിച്ചെത്തും വരെ സമരം ചെയ്യും. ഈ സർക്കാരിന്‍റെ അവസാന നാളുകളിലേക്കാണ് പോകുന്നത്.
യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആദ്യത്തെ മാസം നാമജപ കേസുകൾ എല്ലാം പിൻവലിക്കും. യുഡിഎഫ് വിശ്വാസികൾക്ക് നൽകുന്ന ഉറപ്പാണത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.