ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതി 2025-26 പ്രകാരം തകഴി ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ഇരു കടവുകളിലും രണ്ട് ലക്ഷം വീതം കാര്‍പ് ഇനത്തില്‍ ഉള്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തകഴി കടവില്‍ നടന്ന ചടങ്ങിന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി പ്രശാന്തന്‍ നേതൃത്വം നല്‍കി. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മത്സ്യലഭ്യത ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നതിന് പരിഹാരമായാണ് പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരൂജ്ജീവിപ്പിച്ചു മത്സ്യലഭ്യത വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളൊടെ പദ്ധതി നടപ്പാക്കുന്നത്.






