എടത്വ : ചക്കുളത്തമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ നിർവൃതി നേടി. ലോകനൻമയ്ക്കായി നടന്ന കാർത്തിക പൊങ്കാല ചക്കുളത്തുകാവിനെയും പരിസര
പ്രദേശങ്ങളെയും യാഗഭൂമിയാക്കി. കണ്ണെത്താദൂരത്തോളം മൺകലങ്ങളിൽ ദേവിക്കു നിവേദ്യം തയ്യാറാക്കിയപ്പോൾ ഭക്തിയും വിശ്വാസവും കൈകോർത്തു.
എല്ലാ നാവുകളിലും ദേവീ മന്ത്രം മാത്രം.തുളസിയില അണിഞ്ഞ് സങ്കടങ്ങളുടെ ഉരുക്കഴിക്കാനും നിറകലങ്ങളിൽ ദേവീ കൃപാവരം ഏറ്റുവാങ്ങാനും ഇത്തവണ ലക്ഷകണക്കിന് ഭക്തരാണ് അമ്മയ്ക്ക് മുന്നിൽ എത്തിയത്.ക്ഷേത്ര ശ്രീ കോവിലിൻ നിന്നും ദേവിയെ മൂലബിംബത്തിൽ ആവാഹിച്ച് ദേവിയെ ഏഴുന്നള്ളിച്ച് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിൽ അരികിലെത്തി മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂ തിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് ഈ വർഷത്തെ കാർത്തിക പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി.
ഇരുകൈകളും കൂപ്പി ഭക്തർ ദേവി സ്തുതികൾ ഉച്ചത്തിൽ വിളിച്ചു ചൊല്ലി. പണ്ഡാര പൊങ്കാല അടുപ്പിൽ നിന്ന് ഭക്തർ പകർന്ന തീ പെങ്കാല അടുപ്പുകളിലേക്ക് ആവാഹിച്ചതോടെ പ്രദേശം യാഗഭൂമിയായി മാറി.
സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നും ആയിരക്കണക്കിന് തീർത്ഥാടകരാണ് മഹാസംഗമത്തിൽ പങ്കെടുക്കാൻ ചക്കുളത്തുകാവിൽ എത്തിയത്. കാസർകോഡ്, വയനാട്, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്ദപുരം, കൊല്ലം ജില്ലയിൽ നിന്നുള്ള ഭക്തരാണ് ക്ഷേത്രത്തിൽ തമ്പടിച്ചിരുന്നത്. ക്ഷേത്രത്തിന് 70 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിരന്നു.
തകഴി-തിരുവല്ല- കോഴഞ്ചേരി, ചെങ്ങന്നുര്‍-പന്തളം, എടത്വ- മുട്ടാർ, നീരേറ്റുപുറം- കിടങ്ങറ, പൊടിയാടി-മാന്നാര്‍- മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായി പൊങ്കാല അടുപ്പുകള്‍ കൂട്ടി. തൃകാര്‍ത്തിക ദിനത്തിലെ പൊങ്കാലയുടെ പുണ്യം നുകരാന്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും തീർത്ഥാടകർ ചൊച്ചാഴ്ച മുതലേ ചക്കുളത്തുകാവിലേക്ക് ഒഴുകിയെത്തിയിരുന്നു. മൂന്ന് ദിവസവും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ദേവിക്ക് നേദ്യം സമർപ്പിച്ചത്.
3000 ഓളം ക്ഷേത്ര വോളന്റിയേഴ്സിന്റേയും ആയിരത്തോളം പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോഗസ്ഥരുടെയും.വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് പൊങ്കാല സ്ഥലങ്ങളിൽ സുരക്ഷ ക്രമീകരങ്ങൾ ഏർപ്പെടുത്തിയത്. സേവാഭാരതിയുടെ നേത്യുത്വത്തിൽ അന്നദാന വിതരണവും കുടിവെള്ള വിതരണവും നടത്തി.
ആരോഗ്യ വകുപ്പിന്റെയും ഭാരതീയ ചികിത്സ കേന്ദ്രത്തിന്റെയും തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടേയും നേത്യുത്വത്തിൽ തീർത്ഥാടകർക്ക് വൈദ്യ സഹായവും സൗജന്യ മരുന്ന് വിതരണവും നൽകി. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തിയത്.
ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ പൊങ്കാലയ്ക്ക് മുന്നോടിയായി നടന്ന ഭക്തജന സംഗമത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പൊങ്കാല ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാ പ്രഭാഷണം മാവേലിക്കര എം.പി കൊടിക്കുന്നിൻ സുരേഷ് നിർവഹിച്ചു. അനുഗ്ര പ്രഭാഷണം ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നടത്തി വിളിച്ചു ചൊല്ലി പ്രാർത്ഥന രമേശ് ഇളമൺ നമ്പൂതിരി നടത്തി.
നിവേദ്യം പാകപ്പെടുത്തിയതിന് ശേഷം 500-ല്‍ പരം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല നേദ്യത്തിനു ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടന്നു.






