കോട്ടയം: കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിലുള്ള 33ാമത് അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷൻ യോഗം കോട്ടയത്ത് നടന്നു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രണ്ട് ദിവസങ്ങളിലായി നടന്ന യോഗത്തിൽ വത്തിക്കാൻ പ്രതിനിധി ഫാ.ഹയാസിന്റ് ഡെസ്റ്റിവിലേ, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് , മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, പുനലൂർ ലത്തീൻ രൂപതാ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ഫാ.ഡോ. അഗസ്റ്റിൻ കടയപ്പറമ്പിൽ, ഫാ.ഡോ.ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഫാ.ഡോ.ജേക്കബ് തെക്കേപ്പറമ്പിൽ എന്നിവർ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ, ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്താ, ഫാ.ഡോ.ജോസ് ജോൺ, ഫാ.ഡോ.മാത്യു വർഗീസ്, ഫാ.ഡോ.കോശി വൈദ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായും വേദശാസ്ത്ര കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തി. നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700ാം വാർഷികത്തിന്റെ ഭാഗമായി നിഖ്യാ വിശ്വാസപ്രമാണത്തിന്റെ വേദശാസ്ത്രപരമായ തലങ്ങൾ യോഗത്തിൽ ചർച്ചയായി. കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പായ്ക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി നിയോഗിതനായ പരിശുദ്ധ ലിയോ പതിനാലാമൻ പാപ്പയ്ക്ക് വേദശാസ്ത്ര കമ്മീഷൻ ആശംസകൾ നേർന്നു.






