ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ആഘോഷലഹരിയിലാക്കി. പുലിവാഹനമേറിയ മണികണ്ഠനും ദേവതാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര വർണക്കാവടികളും താളമേളങ്ങളും കൊണ്ടു സന്നിധാനത്തിന്റെ സന്ധ്യയ്ക്ക് ഉത്സവപ്പകിട്ടേകി.
സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണു പൂർവാധികം വർണപ്പകിട്ടോടെ കൊണ്ടാടിയത്.
സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു, സ്‌പെഷൽ കമ്മിഷണർ ജയകൃഷ്ണൻ, ഫെസ്റ്റിവൽ കൺട്രോളർ ശാന്തകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, ദേവസ്വം ബോർഡ് ജീവനക്കാർ, ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.
സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുത്ത കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച (24) വൈകിട്ടു ദീപാരാധനയ്ക്കു ശേഷം നടക്കും.






