തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭ വിജ്ഞാപനമിറക്കി. കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതോടെയാണ് നിയമസഭയുടെ നടപടി.
ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കോടതി വിധി വന്ന ജനുവരി മൂന്ന് മുതല്‍ അയോഗ്യത പ്രാബല്യത്തില്‍ വന്നു. കേസില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നിയസഭാഗംത്വം നഷ്ടമാകും.
1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു.
സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്.






