പത്തനംതിട്ട: മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍. മഞ്ഞനിക്കര പെരുന്നാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഫെബ്രുവരി 8 മുതല്‍ 14 വരെയാണ് പെരുന്നാള്‍.
മഞ്ഞിനിക്കരയില്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സുരക്ഷാസംവിധാനം ഒരുക്കും. പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മഞ്ഞിനിക്കര ദയറയ്ക്ക് സമീപം അഗ്‌നിസുരക്ഷാ യൂണിറ്റുണ്ടാകും. ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, മഞ്ഞിനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
പെരുന്നാള്‍ ദിവസങ്ങളില്‍ മഞ്ഞനിക്കര, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം ഉറപ്പാക്കും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. താല്‍ക്കാലിക ബസ് സ്റ്റേഷന്‍ ക്രമീകരിക്കും. എക്‌സൈസ് പട്രോളിങ് ശക്തമാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത പ്രോട്ടോകോള്‍ പാലിക്കും. പ്ലാസ്റ്റിക് നിരോധന ബോര്‍ഡ്, വേസ്റ്റ് ബിന്‍ എന്നിവ സ്ഥാപിക്കും.
ഭക്ഷണശാലയില്‍ ശുചിത്വം ഉറപ്പാക്കും.വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാന്‍ അടൂര്‍ ആര്‍ഡിഒയെ കോ ഓഡിനേറ്ററായും കോഴഞ്ചേരി തഹസില്‍ദാരെ അസിസ്റ്റന്റ് കോ ഓഡിനേറ്ററായും ചുമതലപ്പെടുത്തി.






