കൊല്ലം : ദേശീയപാതയില്‍ കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുവത്തൂരില്‍ താമരശ്ശേരി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10.45ന് ആയിരുന്നു അപകടം.
എഴുകോണ്‍ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. തീപിടിച്ച് ദേഹമാസകലം പൊള്ളലേറ്റ അഭിഷേക് (27) സംഭവസ്ഥലത്തു തന്നെ മരിച്ചു. സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. എതിർദിശയില്‍ വരികയായിരുന്ന ബൈക്കുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. തുടർന്ന് ബൈക്കുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിനു തീപിടിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.






