പത്തനംതിട്ട : ‘ഹെൽത്തി കേരള’ ആരോഗ്യ സന്ദേശയാത്രയ്ക്ക് റിപ്പബ്ലിക് ദിനത്തിൽ പത്തനംതിട്ട ജില്ലയിൽ തുടക്കമായി. ആരോഗ്യ സന്ദേശ ബോധവൽക്കരണ യാത്ര ഫ്ലാഗ് ഓഫ് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു.
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ഏ. ഡി.എം ബി ജ്യോതി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി ആദ്യവാരം ആരംഭിച്ച് ജില്ലയിൽ ഉടനീളം ആരോഗ്യ സന്ദേശങ്ങൾ എത്തിച്ച് മാർച്ച് ആദ്യവാരം അവസാനിക്കുന്ന രീതിയിലാണ് ആരോഗ്യ സന്ദേശ ബോധവൽക്കരണ യാത്ര സംഘടിപ്പിക്കുന്നത്. ആരോഗ്യ സന്ദേശ യാത്ര അനുബന്ധിച്ച് ജില്ലയിലെ വിവിധ ആരോഗ്യ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ആരോഗ്യ സ്ഥാപനങ്ങളിൽ, എക്സിബിഷനുകൾ ആരോഗ്യ പരിശോധനകൾ, വെൽനസ് സെഷൻ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
ജീവിതശൈലി രോഗ പരിശോധനകൾ, ഏതെല്ലാം കേന്ദ്രങ്ങളിൽ വിവിധ ആരോഗ്യ പരിശോധനകൾ നടത്താം, വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ, ജില്ലയിലെ ആരോഗ്യ മേഖലയിൽ ഉണ്ടായ വികസന പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ, പോസ്റ്റർ എന്നിവയുടെ പ്രചരണവും ആരോഗ്യ സന്ദേശയാത്ര വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.






