ആറന്മുള: ആറന്മുള പളളിയോട സേവാസംഘത്തിന്റെ 2024-27 വര്‍ഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. സേവാസംഘം മുന്‍ പ്രസിഡന്റ് കെ.വി.സാംബദേവന്‍ നയിച്ച പാനലിന് സമ്പൂര്‍ണ വിജയം. 17 അംഗ ഭരണ സമിതിയിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. കിഴക്കന്‍ മേഖലയില്‍ നിന്ന് 5 പ്രതിനിധികളും മധ്യ, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും 6 വീതം പ്രതിനിധികളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
52 കരകളില്‍ നിന്ന് 104 പ്രതിനിധികളാണ് ഉളളതെങ്കിലും 99 പേര്‍ക്ക് മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുളളൂ. കടപ്ര, കാട്ടൂര്‍ കരകളില്‍ തെരഞ്ഞെടുപ്പ് ഇല്ലാതിരുന്നതിനാല്‍ ഇരു കരകളിലെയും 4 പേര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. മേപ്രം-തൈമറവുംകര പളളിയോടത്തിന്റെ ഒരു പ്രതിനിധി ബൈക്ക് അപകടത്തില്‍ മരിക്കുകയും ചെയ്തിനാലാണ് 99 പ്രതിനിധികളായത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്ന ഞായറാഴ്ച ചെന്നിത്തല പളളിയോടത്തിന്റെ ഒരു പ്രതിനിധിക്ക് വോട്ട് ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ 98 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഭരണസമിതി തിരഞ്ഞെടുപ്പ് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിലാണ് നടന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മല്‍സര രംഗത്ത് എത്തിയ കെ.വി.സാംബദേവന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് സാംബദേവന്‍ പള്ളിയോട സേവാസംഘം പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി കെ.എസ്.സുരേഷ്, സെക്രട്ടറിയായി പ്രസാദ് ആനന്ദഭവന്‍, ജോയിന്റ് സെക്രട്ടറിയായി അജയ് ഗോപിനാഥ്, ഖജാന്‍ജിയായി രമേശ്കുമാര്‍ മാലിമേല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പട്ടു. അഡ്വ.ജി.ഗോപകുമാര്‍ വരണാധികാരിയായി.