റാന്നി: റാന്നിയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച് കനത്ത ഇടിയോടുകൂടിയ ശക്തമായ മഴ. ഇന്ന് വൈകീട്ട് 4.15 നു തുടങ്ങിയ മഴ മുക്കാൽ മണിക്കൂറുകളോളം നീണ്ടു നിന്നു. മഴ ശക്തമായതോടെ നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. അടുത്ത ദിവസങ്ങളിൽ പെയ്തതിൽ വച്ച് ഏറ്റവും രൂക്ഷമായ മഴയ്ക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കാതടപ്പിക്കുന്ന ഇടിയും ശക്തമായ മിന്നലും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്ക് ശേഷം ജലനിരപ്പ് താഴ്ന്നു വരുന്നതിനിടെയാണ് വീണ്ടും മഴ കനത്തത്. റോഡുകളിലും കാറുകൾക്കിടയിലൂടെയും കുത്തിയൊഴുകുന്ന വെള്ളം ഗതാഗതത്തെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. പിന്നീട് രാത്രിയോടെ വെള്ളക്കെട്ട് ഒഴുകി മാറി.





