പത്തനംതിട്ട: തദ്ദേശസ്വയംഭരണ വകുപ്പിലെ കൂട്ടസ്ഥലംമാറ്റം ശബരിമല തീർഥാടന മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി. പത്തനംതിട്ട ഉൾപ്പെടെയുള്ള തീർഥാടന മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരുടെ അഭാവം അനുഭവപ്പെടുന്നതായാണ് അറിയുന്നത്. ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി പൂർത്തിയാക്കേണ്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
ശബരിമല തീർഥാടന മേഖലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ഓവർസിയർ തുടങ്ങിയ പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. പത്തനംതിട്ടയ്ക്കു പുറമേ ഇടുക്കി, കോട്ടയം ജില്ലകളിലെ ചില തദ്ദേശസ്ഥാപനങ്ങളിലും സമാന സാഹചര്യമാണുള്ളത്.
തദ്ദേശസ്വയംഭരണ വകുപ്പിൽ കഴിഞ്ഞ നാലുമാസത്തിനിടെ 11 കൂട്ടസ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ 16-ന് പുറത്തിറക്കിയ പതിനൊന്നാമത്തെ ഉത്തരവിലൂടെ 173 ജീവനക്കാരെ സ്ഥലംമാറ്റി. നേരത്തേ നൽകിയ സ്ഥലംമാറ്റ ഉത്തരവുകളിലെ തിരുത്തൽ എന്ന പേരിലാണ് അവസാന ഉത്തരവ് ഇറക്കിയത്. സ്ഥലംമാറ്റ നടപടികളിൽ ശബരിമല തീർഥാടന മേഖലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രത്യേക സാഹചര്യം വേണ്ടത്ര പരിഗണിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ കുറവ് കാരണം തദ്ദേശസ്ഥാപനങ്ങളുടെ പതിവ് ഭരണനിർവഹണത്തോടൊപ്പം തീർഥാടന മുന്നൊരുക്കങ്ങളും മന്ദഗതിയിലാകുമെന്ന ആശങ്ക ശക്തമാണ്.
ശബരിമലയിലേക്കുള്ള പ്രധാന പാതകളിലും തീർഥാടകർ എത്തിച്ചേരുന്ന കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ട്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കുടിവെള്ള വിതരണം, തെരുവുവിളക്കുകൾ, പൊതുശൗചാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, മാലിന്യസംസ്കരണം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. തീർഥാടന പാതകളിലെ ഹോട്ടലുകൾ, മെഡിക്കൽ സൗകര്യങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഏകോപനവും ആവശ്യമാണ്.
ഇതിനായി വിവിധ തദ്ദേശസ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ അനുവദിച്ചിട്ടുണ്ട് എന്നാൽ ജീവനക്കാരുടെ കുറവ് കാരണം ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ട ഘട്ടത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന പരാതി ഉയർന്നിരിക്കുന്നത്. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതോടെ കുടിവെള്ളം, ശുചിത്വം, മാലിന്യനീക്കം, റോഡരികിലെ വിശ്രമസൗകര്യങ്ങൾ തുടങ്ങിയവയുടെ ആവശ്യകതയും കൂടും.
പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യം തുടർന്നാൽ വികസനപ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കാലതാമസം നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ശബരിമല തീർഥാടന മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകൾ അടിയന്തരമായി നികത്തുകയും മുന്നൊരുക്കങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ഇടപെടുകയും വേണമെന്ന ആവശ്യമാണ് ഉയരുന്നത്.





