പത്തനംതിട്ട: തീർഥാടകർക്കു സന്നിധാനത്തു താമസിക്കാനുള്ള മുറികളുടെ ബുക്കിങ് പൂർണമായും ഓൺലൈനിലേക്കു മാറ്റിയപ്പോൾ കൂട്ട ബുക്കിങ്ങിനു വഴിയൊരുക്കിയതു പഴയ സോഫ്റ്റ്‌വെയർ. ദേവസ്വം ബോർഡിന്റെ പോർട്ടലിലൂടെ മുറി ബുക്ക് ചെയ്യാൻ ഒരു ഇമെയിൽ വിലാസം മാത്രം മതി. ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ഏജൻസി ഓൺലൈൻ ബുക്കിങ് തുടങ്ങിയ 7നു തന്നെ 22 മുറികൾ പല ഇമെയിൽ ഉപയോഗിച്ചു ബുക്ക് ചെയ്തു.
ഓൺലൈൻ ബുക്കിങ്ങിന് ആകെ നൽകിയിട്ടുള്ള 400 മുറികളിൽ 300ലേറെ എണ്ണത്തിലും ഇത്തരത്തിൽ കൂട്ട ബുക്കിങ് നടന്നു എന്നാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ചു ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. മുറികൾ കൂട്ടമായി ബുക്ക് ചെയ്തതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയ ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസങ്ങൾ തിരുവനന്തപുരം സിറ്റി സൈബർ പൊലീസിനു കൈമാറി.
2016ൽ കെൽട്രോൺ വഴി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണു ദേവസ്വം ബോർഡിനായി സോഫ്റ്റ്‌വെയർ സജ്ജമാക്കിയത്. 10 ദിവസത്തിനകം വെബ്സൈറ്റ് പരിഷ്കരിച്ചു പഴുതുകൾ അടയ്ക്കുമെന്നു ദേവസ്വം അധികൃതർ പറഞ്ഞു. ദർശനത്തിനായി വെർച്വൽ ക്യൂ റജിസ്റ്റർ ചെയ്തെങ്കിൽ മാത്രമേ മുറി ലഭിക്കൂ എന്ന രീതിയിലേക്കു മാറ്റും.
മുറി ബുക്ക് ചെയ്യുമ്പോൾ ഒടിപി വെരിഫിക്കേഷനും ഏർപ്പെടുത്തും. ഒന്നിലധികം മുറികൾ ഒന്നിച്ചു ബുക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ശബരിമല സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്കു റിപ്പോർട്ട് നൽകും





