പത്തനംതിട്ട : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു) പത്തനംതിട്ട ജില്ലാ കമ്മറ്റി പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച അധ്യാപകർക്കായി ഏര്‍പ്പെടുത്തിയ പ്രഥമ വിദ്യമിത്ര അവാർഡ് പരുമല ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. അജിത് ആർ പിള്ളക്ക് ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതിനും അക്കാദമികവും, സാംസ്കാരികവുമായ ഇടപെടലുകളിലൂടെ സമൂഹത്തെ നവീകരിക്കുന്നതിനും ശ്രമിക്കുന്ന അധ്യാപകർക്കുള്ള പ്രോത്സാഹനമാണ് ഈ അവാർഡ്. അധ്യാപക സംഘടന എന്ന നിലയിൽ എകെഎസ്‌ടിയു നടത്തുന്ന സാമൂഹിക ഇടപെടൽ കൂടിയാണിത്.
പാഠ്യപദ്ധതി പരിഷ്ക്കരണ കമ്മറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വിഭാഗം ഉപ സമിതി ജില്ലാതല ചെയർമാൻ, ഹയർ സെക്കണ്ടറി സ്റ്റേറ്റ് റിസോഴ്സ് പഴ്സൺ, പരിശീലകൻ എന്നിങ്ങനെ ദേശീയ – സംസ്ഥാന തലത്തിൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഡോ. അജിത് ആര്‍ പിള്ള.
എകെഎസ്‌ടിയു ഭാരവാഹികളായിരുന്ന എന്‍ ശ്രീകുമാര്‍, പി എസ് ജീമോന്‍ തുടങ്ങിയവര്‍ അടങ്ങിയ പാനലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ജൂലൈ 13 ന് അടൂരിൽ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എസ് സുശീല്‍കുമാര്‍, ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി ബി ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.