തിരുവനന്തപുരം : പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയായിരുന്നു സർക്കാർ വിദഗ്ധ സംഘം രൂപീകരിച്ചത്.
ദേശാടന പക്ഷികളിൽ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വിൽപനയിലൂടെയും അസുഖം പടർന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുൾപ്പെടെയുള്ള മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്‌കരിക്കാത്തത് മൂലം അവയിൽ നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചേർത്തല, തണ്ണീർമുക്കം ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഒരു ഫാമിൽ നിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായിട്ടുണ്ട്. രോഗം ബാധിച്ച കാക്കകൾ മുഖേനയും പക്ഷിപ്പനി പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപ്പനയും കടത്തും 2025 മാർച്ച് അവസാനം വരെ നിരോധിക്കണം. നിരീക്ഷണ മേഖലയിലുള്ള സർക്കാർ ഫാമുകളിൽ ഉൾപ്പെടെയുള്ള ഹാച്ചറികൾ 2025 മാർച്ച് അവസാനം വരെ അടച്ചിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 2025 മാർച്ച് അവസാനം വരെ കുട്ടനാട് മേഖലയിൽ എല്ലാ മാസവും സാമ്പിൾ ശേഖരിച്ച് പരിശോധിക്കണം. സ്വകാര്യ കോഴി, താറാവ് ഫാമുകളുടെ രജിസ്ട്രേഷൻ സർക്കാർ മൃഗാശുപത്രികളിൽ നിർബന്ധമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ ലൈസൻസ് നിർബന്ധമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
റിപ്പോർട്ടിലെ നിർദേശങ്ങളുടെ പ്രായോഗിക വശങ്ങൾ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.