തിരുവല്ല: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന കോയിപ്രം സ്വദേശികളായ രണ്ട് യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാവുംഭാഗം അമ്പിളിപ്പാലത്തിന്റെ കൈവരി തകർത്താണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. പാലത്തിന് താഴ് ഭാഗത്തുകൂടി കടന്നുപോകുന്ന ജല അതോറിറ്റിയുടെ വലിയ കുഴലിൽ കാർ കുടുങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കാറിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. കാവുംഭാഗത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം ഉണ്ടായത്. പാലത്തിന്റെ കൈവരി തകർത്ത കാർ തോട്ടിലേക്ക് മറിയുക ആയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽപ്പെട്ടവരെ പുറത്ത് എടുത്തത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്തു





