ചക്കുളത്തുകാവ്: ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്രക്ക് ഉജ്ജ്വല വരവേൽപ്പ്. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന തീരുവാഭരണ ഘോഷയാത്രയിൽ താലപ്പൊലിയും താളമേളങ്ങളും നിരവധി കലാരൂപങ്ങളും പരിപാടിയുടെ ഭാഗമായി. ദേവിക്ക് ചാർത്താനായി തങ്ക തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ ആയിരകണക്കിന് ഭക്തർ പങ്കെടുത്തു.
കാവുംഭാഗം തിരു-എറങ്കാവ് ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തിരുവാഭരണ ഘേഷയാത്രയ്ക്ക് കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, വൈക്കത്തില്ലം, നെടുംമ്പ്രം, നീരേറ്റുപുറം ജംഗ്ഷനുകളിൽ വമ്പിച്ച സ്വീകരണം നൽകി. ഘോഷയാത്ര കടന്നു വന്ന വഴികളിൽ വിവിധ സംഘടനകളുടെയും മതവിഭാകങ്ങളുടെയും സഹകരണ ത്തൊടെ റോഡിന്റെ ഇരുവശങ്ങളിലും നിറപറയും നിലവിളക്ക് കത്തിച്ചും ഭക്തർ ഘോഷയാത്രയെ വരവേറ്റത്.
ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയതോടെ ദേവിക്ക് തിരുവാഭരണം ചാർത്തി അഷ്ടൈശ്വര്യ ദീപാരാധന നടന്നു. ക്ഷേത്ര മുഖ്യകാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
സമാപന ദിവസമായ നാളെ ക്ഷേത്ര തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ചക്കരകുളത്തിൽ ആറാട്ടും, മഞ്ഞനിരാട്ടും നടക്കും. തുടർന്ന് നടക്കുന്ന കൊടിയിറക്കോടെ ഈ വർഷത്തെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് സമാപനം കുറിക്കും.