പത്തനംതിട്ട : ജില്ലയിൽ എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന് 3 വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗസ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്.മലപ്പുറത്തു നിന്നും അച്ഛനൊപ്പം ജില്ലയിൽ എത്തിയ കുട്ടിക്കാണ് ഒപ്പം വന്ന ബന്ധുവിൽ നിന്നും ദുരനുഭവമുണ്ടായത്.മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത് പി ഓയിൽ നെല്ലാട് വീട്ടിൽ സുബ്രഹ്മണ്യൻ (63)ആണ് ശിക്ഷിക്കപ്പെട്ടത്.
2023 ഡിസംബർ 22 ന് പുലർച്ചെ 3 മണിക്ക് ആയിരുന്നു ലൈംഗികാതിക്രമം. കുട്ടിയുടെ പിതാവ് ശുചിമുറിയിൽ പോയ സമയത്ത് മടിയിൽ പിടിച്ചിരുത്തിയശേഷം കുട്ടിയെ ഇയാൾ അതിക്രമത്തിന് വിധേയയാക്കുകയായിരുന്നു.
തുടർന്ന് പിതാവ് മലപ്പുറം കുളത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, പ്രതിക്കെതിരെ അവിടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവം നടന്നത് ഇവിടായതിനാൽ പമ്പ പോലീസിൽ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
അന്നത്തെ എസ് ഐ ബി എസ് ആദർശ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട്, അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് പമ്പ എസ് ഐ ആയിരുന്ന ജെ രാജനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി.