പത്തനംതിട്ട : മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ ഉയർത്തിയ പരാതികളുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നാളെ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കും. ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തിന് രേഖാമൂലം പരാതി നൽകാനാണ് നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കാണാനും സാധ്യതയുണ്ട്.
പാർട്ടിയുമായോ മുന്നണിയുമായോ ആവശ്യമായ കൂടിയാലോചനകൾ നടത്താതെയാണ് മുഖ്യമന്ത്രി പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. സർക്കാർ–പാർട്ടി ഏകോപനം ശക്തമാക്കുന്നതിന് പ്രത്യേക ഏകോപന സമിതി വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ നിയമനം, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുടെ നിയമനം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുത്തത് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് യോഗം ചേർന്ന് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, അടൂർ പ്രകാശിന്റെ നീക്കത്തിന് പിന്നിൽ സംഘടിതമായ നീക്കമുണ്ടെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ ആരോപണം. ഹൈക്കമാൻഡ് അഭിപ്രായം തേടിയാൽ അടൂർ പ്രകാശിന്റെ നടപടി പാർട്ടി അച്ചടക്കലംഘനമാണെന്ന നിലപാട് അറിയിക്കാനും ഈ വിഭാഗം തയ്യാറെടുക്കുന്നതായാണ് അറിയുന്നത്. അടൂർ പ്രകാശ് പരാതി നൽകിയാൽ ബദൽ കത്ത് നൽകുന്നതും പരിഗണിക്കുന്നുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വിഷയത്തിൽ ഇടപെടും. സർക്കാർ–പാർട്ടി ഏകോപനത്തിലെ കുറവ് നേരത്തെ തന്നെ രാഷ്ട്രീയകാര്യ സമിതിയിൽ അവർ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ദീപാ ദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
അതിനിടെ, വിഷയത്തെ ചെറുതാക്കി കാണുന്ന സമീപനമാണ് കെ.സി. വേണുഗോപാൽ സ്വീകരിച്ചത്. പാർട്ടിയിൽ ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും അവ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും രാഷ്ട്രീയത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ അടൂർ പ്രകാശിന്റെ പരാതിയോടെ സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നത കൂടുതൽ പരസ്യമാകുകയാണ്. ഹൈക്കമാൻഡ് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും സർക്കാർ–പാർട്ടി ഏകോപന സമിതി എന്ന ആവശ്യത്തോട് നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നതുമാണ് ഇനി നിർണായകം





