പത്തനംതിട്ട : സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലെ പുരോഗതിയെന്ന് ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് . കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ സംഘടിപ്പിച്ച 28മത് സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസരംഗത്ത് ഏറ്റവും ക്രിയാത്മകമായ പരിവർത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. നീതി ആയോഗ് നമ്മുടെ വിദ്യാഭ്യാസ മേഖല രാജ്യത്തെ ഏറ്റവും മികച്ചതാണ് എന്ന് വിലയിരുത്തി. വിദ്യാർത്ഥിയെയും വിഷയത്തെയും മനസ്സിലാക്കി അറിവ് പകർന്നു നൽകുന്ന അധ്യാപകർ ബഹുമുഖ പ്രതിഭകൾ ആണെന്നും കൂട്ടിച്ചേർത്തു.
കലോത്സവത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീനാപ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി ഈശോ, സ്വീകരണ കമ്മിറ്റി കൺവീനർ ജെബി തോമസ്, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
റ്റിറ്റിഐ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ലാ വിഭാഗത്തിൽ കൊല്ലം ഒന്നാം സ്ഥാനവും മലപ്പുറം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റ്റിറ്റിഐ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ വിഭാഗത്തിൽ കാസർഗോഡ് കന്നിവയൽ ജിറ്റിറ്റിഐ ഒന്നാം സ്ഥാനവും ഇടുക്കി ഡയറ്റ് (തൊടുപുഴ )രണ്ടാം സ്ഥാനവും നേടി. പിപിറ്റിറ്റിഐ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ലാ വിഭാഗത്തിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും തൃശൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പിപിറ്റിറ്റിഐ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ വിഭാഗത്തിൽ തൃശൂർ ഒല്ലൂർ വിദ്യ പിപിറ്റിറ്റിഐ ഒന്നാം സ്ഥാനവും കോഴിക്കോട് നടക്കാവ് സർക്കാർ ഐടിഇ ( വുമൺ) രണ്ടാം സ്ഥാനവും നേടി.