തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പിൻ്റെ പിന്നിലെ പഴകിയ ടോയ്ലറ്റിന് പുറകുവശത്തു നിന്നും സ്പിരിറ്റ് കണ്ടെത്തിയ ശേഷം തൊഴിലാളിയേയും മാനേജരെയും അറസ്‌റ്റ് ചെയ്ത് റിമാൻ്റ് ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ചെത്ത് മദ്യ വ്യവസായ തൊഴിലാളികൾ തിരുവല്ല എക്സൈസ് സി ഐ ആഫീസിനു മുന്നിൽ ധർണ നടത്തി.
ചെത്ത് മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ചെത്ത് തൊഴിലാളി യൂണിയൻ തിരുവല്ല റേഞ്ച് സെക്രട്ടറി ജി അജയകുമാർ അധ്യക്ഷനായി.
സിഐടിയു ദേശീയ കൗൺസിൽ അംഗം അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ഫെഡറേഷൻ ജില്ലാ കൺവീനർ പി രവീന്ദ്രൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ തിരുവല്ല റേഞ്ച് സെക്രട്ടറി ബിനിൽകുമാർ, ഫെഡറേഷൻ ജില്ലാ കമ്മറ്റി അംഗങ്ങളായ കെ ആർ സത്യൻ, ഇ ജെ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല റെയിഞ്ചിലെ രണ്ടാം ഗ്രൂപ്പിൽ പെട്ട സ്വാമി പാലം ഷാപ്പിന് പുറകിലാണ് സ്പിരിറ്റ് കണ്ടത്. ലൈസൻസിയെ കൂടി പ്രതിചേർത്തതോടെ ഇരുപതോളം ചെത്ത് മദ്യ വ്യവസായ തൊഴിലാളികൾ പണിയെടുത്തിരുന്ന ട്രൂപ്പിലെ എല്ലാ ഷാപ്പുകളും അടഞ്ഞ് തൊഴിലാളികൾ പട്ടിണിയിലായി. ഓണം ബോണസും ലഭിക്കാത്ത അവസ്ഥയിലായി.
സെപ്തംബർ 3ന് രാത്രി 8 മണിയോടെ ഷാപ്പടച്ച് വീട്ടിൽ പോയ തൊഴിലാളി 4 ന് രാവിലെ 7.30 ന് തിരികെ എത്തി ഷാപ്പ് തുറന്ന് വസ്ത്രം മാറുമ്പോഴാണ് എക്സൈസ് സംഘം ഷാപ്പിനുള്ളിൽ കടന്ന് പുറകിലത്തെ സ്പിരിറ്റ് എടുത്തു കൊണ്ടുവരാൻ പറഞ്ഞത്. താൻ വച്ചതല്ലാത്തതിനാൽ എടുത്തു കൊണ്ടു വരില്ലന്ന് തൊഴിലാളി ഉറച്ച നിലപാടെടുത്തു. പിന്നീട് ഉദ്യോഗസ്ഥർ തന്നെ എടുത്തു കൊണ്ടുവന്ന ശേഷം തൊഴിലാളി സാബു എസ് ദാസ് ( ബിനു ), മാനേജർ രഘു ഉത്തമൻ ,ലൈസൻസി പി എ സുരേഷ് എന്നിവർക്കെതിരെ കേസെടുക്കുകയും ലൈസൻസ് റദ്ദുചെയ്യുകയുമായിരുന്നു.