ന്യൂഡല്‍ഹി: ഏത് നിമിഷവും യുദ്ധത്തിനൊരുങ്ങിയിക്കാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. യുദ്ധസമാനസാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സദാ സന്നദ്ധമായിരിക്കേണ്ടതുണ്ട്. മെയ് മാസത്തില്‍ പാകിസ്ഥാനുമായുണ്ടായ സംഘര്‍ഷം അതാണ് രാജ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ചേഴ്സ് (എസ് ഐ ഡിഎം) വാര്‍ഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രപ്രതിരോധമന്ത്രി. യുദ്ധം വാതിലില്‍ വന്നുമുട്ടുന്നതിന് സമാനമായ സാഹചര്യമാണ് ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ രാജ്യം നേരിട്ടത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ്യ്‌ക്കെതിരായ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നമുക്ക് നല്ലൊരു പാഠമായി. ആയുധനിര്‍മ്മാണത്തില്‍ തദ്ദേശീയ വല്‍ക്കരണം വര്‍ധിപ്പിക്കാനാണ് ശ്രമം. ഇന്ത്യയുടെ പ്രതിരോധമേഖലയിലെ ഉല്‍പാദനം 2014ല്‍ 46000 കോടി രൂപ ആയിരുന്നത് ഇപ്പോള്‍ 1.51 ലക്ഷം കോടി രൂപയായി. ഇതില്‍ 33000 കോടി രൂപ സ്വകാര്യമേഖലയുടെ സംഭാവനയാണ്.
ഇന്ത്യയുടെ ആയുധക്കയറ്റുമതി ഒരു ദശകം മുന്‍പ് ആയിരം കോടിയായിരുന്നു. ഇപ്പോഴത് 24000 കോടി രൂപയായി ഉയര്‍ന്നു. 2026 മാര്‍ച്ചോടെ ഇത് 30000 കോടി രൂപയായി ഉയര്‍ത്താനാണ് ശ്രമം അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് ഏഴ് മുതല്‍ പത്ത് വരെ പാകിസ്ഥാനുമുണ്ടായ സംഘര്‍ഷത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളുടെ വിജയം ഇന്ത്യയ്‌ക്ക് ആഗോളതലത്തില്‍ തന്നെ അഭിമാനിക്കത്തക്കതായി.
ആകാശിന്റെയും ബ്രഹ്മോസിന്റെയും ആകാശ്ടീറിന്റെയും കരുത്ത് ലോകം തിരിച്ചറിഞ്ഞു. ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. നമ്മുടെ രാജ്യാതിര്‍ത്തിക്ക് ഏത് സമയത്തും എവിടെവേണമെങ്കിലും എന്തും സംഭവിക്കാം എന്നതാണ് സ്ഥിതിയെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.






