തിരുവനന്തപുരം : അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്.സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനെയും മസ്തിഷ്‌ക്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വർധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.