ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 74 ദിവസങ്ങളായി നടന്നുവന്ന വള്ളസദ്യ സമാപിച്ചു. സമാപന ദിവസമായിരുന്ന ഇന്ന് എട്ടു പള്ളിയോടങ്ങൾക്ക് സദ്യ ഒരുക്കിയിരുന്നു.
രാവിലെ 11. 30 മുതൽ പള്ളിയോടങ്ങൾ മധുക്കടവിൽ എത്തിത്തുടങ്ങി. പള്ളിയോട കരക്കാരെ വെറ്റ, പുകയില നൽകിയും താലപ്പൊലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം തുടങ്ങി. സമാപന ചടങ്ങ് ഉച്ചയ്ക്ക് 12.15ന് ആനക്കൊട്ടിലിൽ നിലവിളക്കിൽ ഭദ്രദീപം കൊളുത്തി പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ. വി. സാംബദേവൻ ഉദ്ഘാടനം ചെയ്തു. പഞ്ചപാണ്ഡവ ക്ഷേത്ര ചെയർമാൻ ബി. രാധാകൃഷ്ണ മേനോൻ മുഖ്യാതിഥിയായി
മല്ലപ്പുഴശ്ശേരി പള്ളിയോടം വള്ളപ്പുരയിൽ കയറ്റിവയച്ച ശേഷമാണ് സദ്യയിൽ പങ്കെടുത്തത്. സദ്യകൾ അവസാനിച്ച 40 ഓളം പള്ളിയോടങ്ങൾ തിരികെ വള്ള പ്പുരയിൽ കയറ്റി കഴിഞ്ഞു. പത്തുമാസത്തെ വിശ്രമത്തിനും അറ്റകുറ്റപ്പണികൾക്കും ശേഷം അടുത്തവർഷം ജൂലൈ അവസാനത്തോടെ ആറന്മുളയും പള്ളിയോട കരകളും ഉണരും
2025 സെപ്റ്റംബർ 9 ന് ഉതൃട്ടാതി ജലോത്സവവും സെപ്റ്റംബർ 14 ന് അഷ്ടമിരോഹിണി വള്ളസദ്യയും നടക്കും. ഈ വർഷം 15 വള്ളസദ്യ കോൺട്രാക്ടർമാരാണ് സദ്യകൾ ഒരുക്കി നൽകിയത്. വള്ളസദ്യ, കെഎസ്ആർടിസി, സ്പെഷ്യൽ പാസ് ഉൾപ്പെടെ 1,50,000 പേർ സദ്യയിൽ പങ്കെടുത്തു. 443 വള്ള സദ്യകൾ നടന്നു. 17 എണ്ണം വഴിപാടുകാരുടെ അസൗകര്യം കാരണം അടുത്ത വർഷത്തേക്ക് മാറ്റി. വള്ള സദ്യയുടെ വിജയത്തിനായി ദേവസ്വം ബോർഡ് ജീവനക്കാരും കരനാഥന്മാരും പള്ളിയോട പ്രതിനിധികളും കമ്മറ്റി അംഗങ്ങളും ആറന്മുള പോലീസും ഫയർഫോഴ്സ് റെസ്ക്യൂ ടീം അംഗങ്ങളും, സർക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വള്ള സദ്യയുടെ വിജയത്തിനായി പ്രവർത്തിച്ചുവെന്നും നന്ദി അറിയിക്കുന്നതായും പള്ളിയോട സേവാ സംഘം ഭാരവാഹികൾ പറഞ്ഞു.