കോട്ടയം : എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ചത് മകളുടെ പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ .എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു മരിച്ചത്. മകൻ അഖിലേഷ് (ഉണ്ണിക്കുട്ടൻ –25) പൊള്ളലേറ്റു ചികിത്സയിലാണ് .
ഗൾഫിൽ നഴ്സായി ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ ദിവസമാണു ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയത്.ഇന്നലെ രാവിലെ അഞ്ജലിയുമായി പ്രണയത്തിലായിരുന്ന യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ഇവരുടെ വീട്ടിൽ എത്തി അഞ്ജലിയെക്കൂട്ടി പോകാൻ ശ്രമിച്ചെന്നും തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായെന്നും പറയുന്നു. ഇയാൾ പോയതിന് ശേഷം കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുണ്ടാകുകയും ശ്രീജ പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയെന്നുമാണ് സൂചന .
ശ്രീജയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്നുപേർക്കും പൊള്ളലേറ്റത്. അഖിലേഷാണ് അച്ഛനെയും സഹോദരിയെയും വീടിനുള്ളിൽനിന്നു പുറത്തെത്തിച്ചത്.ശ്രീജ സംഭവസ്ഥലത്തു വച്ചും സത്യപാലനും അഞ്ജലിയും ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.