ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താരവാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച പത്തു വയസ്സുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും. കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷനാണ് പഠനച്ചെലവ് ഏറ്റെടുക്കുന്നത് .
ശനിയാഴ്ച ഫിറോസ്പൂർ കന്റോൺമെന്റിൽ നടന്ന പ്രത്യേക ചടങ്ങിൽ വെസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ ഷാവൻ സിംഗിനെ ആദരിച്ചു. ഷാവന്റെ ധീരതയ്ക്കും ഉത്സാഹത്തിനുമുള്ള പ്രതിഫലമാണിതെന്ന് സൈന്യം പറഞ്ഞു.
പാക് സേനയുമായി വെടിവയ്പ് നടക്കുമ്പോഴും ഇന്ത്യൻ സൈനികർക്ക് ചായ, പാൽ, വെള്ളം, ഐസ്, ലസ്സി എന്നിവ വിതരണം ചെയ്യാൻ ഷാവൻ സ്വയമേവ മുന്നോട്ടുവരികയായിരുന്നു. വലുതാകുമ്പോൾ സൈനികനാകണമെന്നാണ് നാലാം ക്ലാസ് വിദ്യാർത്ഥിയായ ഷാവന്റെ ആഗ്രഹം.