ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ നാളെ (തിങ്കൾ) നടക്കുന്ന പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ചേനപ്പാടി ഗ്രാമവാസികൾ പാളത്തൈരുമായി ആറന്മുളയിലെത്തി. കോട്ടയം ജില്ലയിലെ ചേനപ്പാടി കരക്കാർ വ്രതനിഷ്ഠയോടെ ശേഖരിച്ച 1500 ലിറ്റർ തൈരാണ് ഇന്ന് ആറന്മുള ക്ഷേത്രത്തിൽ സമർപ്പിച്ചത്.
ആറന്മുള വള്ളസദ്യകളിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഭവമാണ് ചേനപ്പാടിയിൽ നിന്നുള്ള പാളത്തൈര്. “ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കൊണ്ടുവാ ” എന്ന് വള്ളസദ്യയ്ക്കിടയിൽ കരക്കാർ പാടി ആവശ്യപ്പെടുന്നത് പതിവാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ചേനപ്പാടി സ്വദേശിയായ കേളു എന്ന ഭക്തൻ ഭഗവാന് പാളത്തൈര് സമർപ്പിച്ച ആചാരമാണ് ശേഷവും കരക്കാർ തുടരുന്നത്.
വാഴൂർ തീർത്ഥപാദാശ്രമത്തിലെ ഗോശാലയിൽ നിന്ന് സംഭരിച്ചതും കരക്കാർ വ്രതനിഷ്ഠയോടെ തയ്യാറാക്കിയതുമായ പാളത്തൈര് ഘോഷയാത്രയായി ഇന്ന് 10 മണിയോടെ ആറന്മുളയിലെത്തിക്കുകയായിരുന്നു
തുടർന്ന് പാളതൈര് ഭഗവാന് മുന്നിൽ സമർപ്പിച്ചു. ഈ പാളത്തൈരാണ് നാളെ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ഉപയോഗിക്കുന്നത്.