പത്തനംതിട്ട : പോലീസ് ഇൻ്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട ടൗണിലെ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇൻ്റലിജൻസിൽ അടൂർ സ്റ്റേഷനിലെ എഎസ്ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് (45) ആണ് ആത്മഹത്യ ചെയ്തത്.
പത്തനംതിട്ടയിലെ പൂണിയിൽ ഫ്ലവർ സ്റ്റോഴ്സിന് എതിർവശം അഭിഭാഷകരുടെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ടെറസിലാണ് സന്തോഷിനെ ഇന്ന് വൈകിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ച കഴിഞ്ഞ് മകനെയും കൂട്ടിയാണ് സന്തോഷ് പത്തനംതിട്ടയിൽ എത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മകനെ സമീപത്തെ ലോഡ്ജ് മുറിയിൽ ഇരുത്തിയ ശേഷമാണ് സന്തോഷ് കെട്ടിടത്തിന് മുകളിലേക്ക് കയറി പോയത്. പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.