പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സ്യഷ്ടിച്ച് പണം തട്ടാൻ ശ്രമം. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് അപ്പ് പ്രൊഫൈൽ ഉണ്ടാക്കി പണം ആവശ്യപ്പെട്ട് സഹാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മെസേജ് അയക്കുകയായിരുന്നു. വ്യാഴം വൈകുന്നേരം എ ഡി എം അടക്കമുള്ള നിരവധി പേർക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയിൽ പെട്ടത്. എ ഡി എം വിവരമറിയിച്ചതിനെ തുടർന്ന് കലക്ടർ പ്രേം കൃഷ്ണൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
പ്രാഥമിക അന്വേഷണത്തിൽ ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ട് നിർമ്മിച്ചവരെ ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. എ ഡി എം അടക്കം നിരവധി ഉദ്യോഗസ്ഥർക്ക് വ്യാജ മെസേജ് ലഭിച്ചെങ്കിലും ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
നേരത്തെ പത്തനംതിട്ട എസ് പി യുടെയും തിരുവനന്തപുരം കലക്ടർ ആയിരുന്ന ജെറോമിക് ജാേർജിന്റെയും പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു.
“ഞാൻ നിങ്ങൾക്ക് ഒരു ഫോൺ പേ നമ്പർ അയക്കുന്നു. ഇതിൽ ഉടൻ 50,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമൊ. ഒരു മണിക്കൂറിനകം ഞാൻ നിങ്ങളുടെ പണം തിരികെ നൽകും” എന്നായിരുന്നു തിരുവനന്തപുരം കലക്ടറുടെ പേരിൽ തട്ടിപ്പ്കാർ അയച്ച സന്ദേശം.
അന്ന് ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിപ്പ് നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.