ശബരിമല : സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ അയ്യപ്പ ഭക്തിഗാനവുമായി ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍. സന്നിധാനം ആയര്‍വേദ ആശുപത്രി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ കോഴിക്കോട് സ്വദേശി ഡോ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ 12 ജീവനക്കാര്‍ ഭക്തരുടെ മനം കവര്‍ന്നു.
മെഡിക്കല്‍ ഓഫീസര്‍ വയനാട് സ്വദേശി ഡോ. കെ വി വിജീഷിന്റെ ‘ഹരിവരാസനം കേട്ട് ഉറങ്ങും മുത്തേ ഭഗവാനേ എന്റെ ശ്രീ മണികണ്ഠ” എന്ന ഗാനത്തോടെ ഒരു മണിക്കൂര്‍ നീണ്ട സംഗീത വിരുന്നിന് തുടക്കമായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. എ കൃഷ്ണകുമാര്‍, ഫാര്‍മസിസ്റ്റ് വരുണ്‍, തെറാപ്പിസ്റ്റ് അരുണ്‍ അപ്പുക്കുട്ടന്‍ എന്നിവര്‍ തുടര്‍ ഗാനങ്ങളുമായി രംഗത്തെത്തി.
വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ജോലിയുടെ തിരക്കിനിടയിലാണ് ഗാനാലാപത്തിന് സമയം കണ്ടെത്തിയത്. ജനുവരി 12 നാണ് ഡോ. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് ജോലിയില്‍ പ്രവേശിച്ചത്. ആദ്യമായാണ് സന്നിധാനത്ത് ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ ഭക്തിഗാനം ആലപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.






