കോട്ടയം : ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തിയോടനുബന്ധിച്ചുള്ള ശ്രീമദ് ഭാഗവതാമൃതസത്രം ജനുവരി 21ന് തുടങ്ങും. ഫെബ്രുവരി രണ്ടിന് സമാപിക്കും.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് മുഖ്യ യജ്ഞാചാര്യൻ. ഭാഗവത വേദികളിലെ ആചാര്യ ശ്രേഷ്ഠരായ നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ, വെൺമണി കൃഷ്ണൻ നമ്പൂതിരി, പുല്ലൂർമണ്ണ രാമൻ നമ്പൂതിരി,വെൺമണി രാധ അന്തർജ്ജനം, മരങ്ങാട് മുരളി കൃഷ്ണൻ നമ്പൂതിരി, പുതിയില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഗുരുവായൂർ രാധാകൃഷ്ണ അയ്യർ, പാലോന്നം ശ്രീജിത് നമ്പൂതിരി എന്നിവർ യജ്ഞാചാര്യന്മാർ. നൊച്ചൂർ രമണചരണതീർത്ഥ സ്വാമികൾ, ഹരികഥ വിദുഷി വിശാഖ ഹരി എന്നിവരാണ് പ്രധാനമായുള്ള സാന്നിദ്ധ്യം.
പുലർച്ചെ 5.45 ന് വിഷ്ണു സഹസ്രനാമം പാരായണം ചെയ്തു യജ്ഞവേദി ഉണരും. ഉച്ചയ്ക്ക് 12.30 വരെ തുടരും. 12.30 മുതൽ 2 വരെ കലാപരിപാടികൾ. വൈകിട്ട് 3.30 മുതൽ 7 വരെ പാരായണവും പ്രഭാഷണവും തുടരും. 7.15 ന് പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ.
പ്രധാന ഭാഗം പാരായണം ചെയ്യുന്ന ദിവസങ്ങൾ ജനുവരി 26 നരസിംഹാവതാരം, 28ന് ശ്രീകൃഷ്ണാവതാരം, 30 ന് രുക്മിണി സ്വയംവരം എന്നിങ്ങനെയാണ്. നരസിംഹാവതാര പാരായണ ദിനമായ 26ന് സന്ധ്യയ്ക്ക് ലക്ഷദ്വീപങ്ങൾ മിഴി തുറക്കും.
ആധ്യാത്മിക തേജസ്സായ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 105-ാം ജയന്തിയും ഭഗവതാമൃതവും വൈഷ്ണവ ഭക്തരുടെ സംഗമ വേദിയാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.
യജ്ഞ വേദിയിൽ മുഖ്യസമർപ്പണങ്ങൾ നടത്തിയും സത്രത്തിന്റെ ഭാഗമാകാം. അന്നദാനം,യജ്ഞ മണ്ഡപം, അലങ്കാരം, വസ്ത്രദാനം, കൂടാതെ ഒരു ദിവസത്തെ പൂജാസമർപ്പണവും നടത്താൻ അവസരം ഉണ്ട്.






