തൃശൂർ: വികസിത കേരളം മുദ്രാവാക്യം മാത്രമല്ല ബിജെപിയുടെ ലക്ഷ്യവും ജനങ്ങളോടുള്ള കടമയുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ. തൃശൂർ സിറ്റി ജില്ലാ കൺവൻഷൻ ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടം മേടിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത സർക്കാറാണ് നൂറു കോടി ചിലവഴിച്ച് ഒൻപതാം വാർഷികം ആഘോഷിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. 2014 മുതൽ രാജ്യത്ത് നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. ലോകത്ത് മുഴുവൻ ഇന്ത്യയ്ക്ക് ബഹുമാനം ലഭിക്കുന്നു.
എന്നാൽ കേരളത്തിലെ സ്ഥിതിക്ക് മാത്രം മാറ്റമില്ല. 2014 വരെ വലിയ വലിയ അഴിമതികൾ ഈ രാജ്യത്ത് നിർബാധം നടന്നിരുന്നു. പ്രതിരോധ മേഖലയിൽ പോലും ഭാരതം ദുർബലമായ വർഷങ്ങളായിരുന്നു അത്. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന നുണ പ്രചാരണത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്.
ആ ഘട്ടത്തിൽ നിന്ന് ഭാരതം ഏറെ മാറിയിരിക്കുന്നു. എന്നാൽ കേരളം അവിടെത്തന്നെ നിൽക്കുന്നു. കടം വാങ്ങാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമില്ല. ആശാവർക്കർമാർ മാസങ്ങളായി സമരത്തിലാണ്.
കേരളത്തിന്റെ അതിർത്തി കടന്ന് ഇങ്ങോട്ടേക്ക് വരുന്നില്ല. വികസിത ഭാരതം ഉണ്ടാകുമ്പോൾ വികസിത കേരളവും ഉണ്ടാവണം. നാട്ടിൽ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു പാർട്ടി ഏതാണ് എന്ന് ജനങ്ങൾ തിരിച്ചറിയണം. അതിന് വലിയ പരിശ്രമം ആവശ്യമില്ല. ബിജെപി സർക്കാർ കഴിഞ്ഞ 10 വർഷമായി രാജ്യത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച
കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല.
ആരാണ് വാഗ്ദാനം നൽകിയിട്ട് ഓടിക്കളയുന്നതെന്നും, വാഗ്ദാനങ്ങൾ ആരാണ് പാലിക്കുന്നതെന്നും ജനങ്ങൾക്ക് മനസ്സിലാകും. രാജ്യത്ത് മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ കഴിയുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, അഡ്വ ബി ഗോപാലകൃഷ്ണൻ, അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.