തിരുവനന്തപുരം : രജത ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ മികച്ച പ്രകടനത്തിലൂടെ മുന്നേറുകയാണെന്ന് ചീഫ് ജനറല്‍ മാനേജര്‍ ബി സുനില്‍ കുമാര്‍. ബി എസ് എന്‍ എല്ലിന്റെ 25-ാം സ്ഥാപക വര്‍ഷത്തോടനുബന്ധിച്ച് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 1,859.09 കോടി രൂപ മൊത്ത വരുമാനം സൃഷ്ടിച്ച കേരള സര്‍ക്കിള്‍ 90 കോടി രൂപ ലാഭമാണ് നേടിയത്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ വരുമാനം 512.11 കോടി രൂപ പിന്നിടുമ്പോള്‍ ഇതിനകം 63 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്.
ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍, മൊബൈല്‍ ഉപഭോക്തൃ രജിസ്‌ട്രേഷനില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്.2024 ജൂലൈ വരെ 90.63 ദശലക്ഷം മൊബൈല്‍ വരിക്കാരാണ് ബി എസ് എന്‍ എല്‍ തിരഞ്ഞെടുത്തത്.വീടുകളിലേക്കുളള FTTH കണക്ഷനുകള്‍ ഈ വര്‍ഷത്തോടെ 6.7 ലക്ഷത്തിലെത്തി.
ലാന്‍ഡ് ഫോണും വൈ ഫൈ സേവനവും ഒരുമിച്ച് ലഭ്യമാക്കാനുമുള്ള സൗകര്യം ബി എസ് എന്‍ എല്‍ ഒരുക്കിയിട്ടുണ്ട്. പഴയ ലാന്‍ഡ് ലൈന്‍ നമ്പര്‍ വിച്ഛേദിച്ചവര്‍ക്കും പഴയ നമ്പര്‍ ലഭ്യമാക്കി ഈ സേവനത്തിലേക്ക് മടങ്ങി വരാം. 199 രൂപ പ്രതിമാസ പ്ലാനില്‍ തുടങ്ങുന്ന പ്ലാനുകള്‍ ഇതിനായി ബി എസ് എന്‍ എല്‍ ഒരുക്കിയിട്ടുണ്ട്.