കോഴിക്കോട് : ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ് .കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസ് എടുത്തിരിക്കുന്നത് .മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഒരു എഐ ചിത്രം ഉൾപ്പെടെയുള്ള ഫോട്ടോകളാണ് എൻ.സുബ്രഹ്മണ്യൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
സംഘർഷമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാട്ടിയാണ് കേസ്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിൽക്കുന്നതായി പ്രചരിപ്പിക്കുന്ന ചിത്രം എഐ ഉപയോഗിച്ചു നിർമിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ ആരോപിച്ചിരുന്നു.






