തിരുവനന്തപുരം: വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് (PUC) പുതുക്കൽ നിയമത്തിൽ മാറ്റം വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പ്രായവും മലിനീകരണ നിയന്ത്രണ വിഭാഗവും അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയപരിധിയിലാണ് പുതിയ പരിഷ്കാരം.
നവംബർ 13-ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, ബിഎസ് 6 വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റിന് മൂന്ന് വർഷം വരെ കാലാവധി ലഭിക്കും. വാഹനത്തിന്റെ ആദ്യ രജിസ്ട്രേഷൻ തീയതിയാണ് പ്രായം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം.
അതേസമയം, പഴയ വാഹനങ്ങൾക്ക് പരിശോധനാ ഇടവേള കുറച്ചിട്ടുണ്ട്. പുതിയ പരിശോധനാ സമയക്രമം ഇങ്ങനെ – BS6 വാഹനങ്ങൾ – മൂന്ന് വർഷം വരെ കാലാവധി. BS4 വാഹനങ്ങൾ- ആറുമാസത്തിലൊരിക്കൽ പുകപരിശോധന. BS1, BS2, BS3 വാഹനങ്ങൾ – മൂന്ന് മാസത്തിലൊരിക്കൽ പുകപരിശോധന.
പുതിയ മാറ്റം BS6 വാഹന ഉടമകൾക്ക് ആവർത്തിച്ചുള്ള പരിശോധനയുടെ ബുദ്ധിമുട്ട് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ പഴയ മലിനീകരണ നിയന്ത്രണ നിലവാരത്തിലുള്ള വാഹനങ്ങൾ കൂടുതൽ കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.





