ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലം വിദ്യാഭ്യാസ മേഖലയിൽ വളരെ വലിയ മാറ്റമാണ് കൈവരിച്ചിരിക്കുന്നതെന്നും ആറര വർഷം കൊണ്ട് മണ്ഡലത്തിൽ 40 പുതിയ സ്കൂൾ കെട്ടിടങ്ങൾ അനുവദിച്ചെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന ബുധനൂർ, എണ്ണയ്ക്കാട് ഗവ.യു.പി. സ്‌കൂളിൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചെങ്ങന്നൂർ മണ്ഡലത്തിലെ ഭൂരിപക്ഷ സ്കൂളുകളിലും പെൺകുട്ടികൾക്കായി സ്ത്രീ സൗഹാർദ സംവിധാനങ്ങൾ ഒരുക്കി. മണ്ഡലത്തിൽ ഇനി വിരലിൽ എണ്ണാവുന്ന സ്കൂളുകൾക്ക് മാത്രമെ പുതിയ കെട്ടിടങ്ങൾ ലഭിക്കാനുള്ളു. എണ്ണയ്ക്കാട് ഗവ യു പി സ്കൂളിൽ നിലവിലെ പഴയ ശുചിമുറികൾ പൊളിച്ചു നീക്കി ആധുനിക ശുചിമുറി നിർമ്മിക്കുന്നതിനായി 20 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അധ്യക്ഷയായി.






