എടത്വ : അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിലെ തകഴി ലെവൽ ക്രോസ് നമ്പർ 101-ൽ നിർദേശിച്ചിരിക്കുന്ന റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രാരംഭ നടപടികളും പൂർത്തിയായതായി മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
റെയിൽവേയുടെ 100 ശതമാനം ധനസഹായത്തിൽ നടപ്പാക്കുന്ന ഈ മേൽപ്പാല പദ്ധതി അമ്പലപ്പുഴ–തകഴി–തിരുവല്ല റോഡിലെ ഗതാഗത കുരുക്കുകൾക്ക് സ്ഥിരമായ പരിഹാരമാകും. ദീർഘകാലമായി പ്രദേശവാസികളും യാത്രക്കാരും ഉന്നയിച്ച ആവശ്യത്തിന് പരിഹാരം കാണുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി സ്ഥല പരിശോധനയും മണ്ണ് പരിശോധനയും പൂർത്തിയായിട്ടുണ്ട്. പാലത്തിന്റെ അലൈൻമെന്റ് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾക്കും രൂപരേഖാ അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRDCL) തയ്യാറാക്കിയ ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിങ് (GAD) ഇതിനകം റെയിൽവേ അംഗീകാരത്തിനായി സമർപ്പിച്ചിരിരുന്നു.
ജി.എ.ഡി. അംഗീകാരം ലഭിക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് തുടക്കം കുറിക്കുമെന്നും, ഭൂമി വിട്ടുകൊടുക്കുന്നവർക്കായി ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും എം.പി. വ്യക്തമാക്കി.






