കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്നും കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ആണെന്നാണ് പ്രതികളുടെ വാദം.
എന്നാൽ പ്രതികൾക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് വിടുതൽ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ കടുത്ത നിലപാട് എടുത്തിരുന്നു.
സാമ്പത്തിക അഭിവൃദ്ധിക്കായി, രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. എറണാകുളത്തെ ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പത്മയും വടക്കാഞ്ചേരി സ്വദേശി റോസ്ലിനും ആണ് കൊല്ലപ്പെട്ടത്.
ഇരുവരെയും കാണാനില്ലെന്ന പരാതിയിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തിന്‍റെ പേരിൽ നടത്തിയ നരബലി ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളും കൊലപാതകവും പുറത്ത് വന്നത്.